പാക്കിസ്ഥാനില്‍ ട്രെയിനിന് തീ പിടിച്ചു 65 പേര്‍ മരിച്ചു
പാക്കിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചു 65 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പൊള്ളലേറ്റു, 3 കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
ട്രെയിനില്‍ പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
മൂന്ന് ബോഗികളിലായി ആകെ 207 യാത്രക്കാരുണ്ടായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തിലാണ് മൃതദേഹങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തമുണ്ടായ സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയതായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും അദ്ദേഹം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമായതായും, ട്രെയിന്‍ തണുപ്പിക്കുന്ന പ്രക്രിയ നടക്കുകയാണെന്നും സര്‍വീസ് പുനരാരംഭിച്ചതായും പാക്കിസ്ഥാന്‍ റെയില്‍വേ അറിയിച്ചു.
സംഭവത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ ദുരന്തമാണ്. കഴിഞ്ഞ ജൂലൈയില്‍ നടന്ന അപകടത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ റെയില്‍വേ സംവിധാനം ഇപ്പോഴും കൊളോണിയല്‍ കാലഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നതാണെന്ന ആക്ഷേപം മുന്‍പേതന്നെ ഉയര്‍ന്നിരുന്നു. അതുപോലെ ദീര്‍ഘദൂര യാത്രകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി ആളുകള്‍ ട്രെയിനുകളില്‍ ഇത്തരം പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ കൊണ്ടുപോകുന്നത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത് .