ഇസ്രായേല്‍ കമ്പനി രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന് വേണ്ടിയോ…?

രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന് വേണ്ടി എന്ന് ആരോപണം. എന്‍.എസ്.ഓ ഗ്രൂപ്പ് എന്ന ഇസ്രഈലി കമ്പനി രാജ്യത്തെ ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവര്‍ത്തകരെയും ചാരപ്രവര്‍ത്തകരെയും നിരീക്ഷിച്ചിരുന്നു. വാട്‌സ്ആപ്പ് നടത്തിയ വെളിപ്പെടുത്തലിലാണ് ഇവരുടെ വിവരങ്ങളുള്ളത്. മെയ് വരെ ഇന്ത്യന്‍ യുസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്ന് വാട്സ്ആപ്പ് സമ്മതിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകമാകമാനമുള്ള ഏകാധിപത്യ, ഭീകര ഭരണകൂടങ്ങള്‍ക്ക് രാഷ്ട്രീയ എതിരാളികളേയും ആക്റ്റിവിസ്റ്റുകളേയും നേരിടാന്‍ സോഫ്റ്റ് വെയര്‍ വില്‍ക്കലാണ് NSO യുടെ ഏര്‍പ്പാട്. അതായത് സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടുള്ളിടത്ത് ഈ ‘സ്വകാര്യ’ കമ്പനികള്‍ വഴിയാവും ഇടപെടല്‍. ഭീമമായ കാശ് മാത്രമല്ല പ്രതിഫലം, സയണിസ്റ്റ് താല്‍പര്യങ്ങളുടെ സംരക്ഷണം കൂടിയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനാധിപത്യം തച്ചുടക്കാനുള്ള പദ്ധതിയുടെ ഭാഗമായ സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുക്കും.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദിയും മുഹമ്മദ് ബിന്‍ സായിദിന്റെ യു.എ.ഇ യുമാണ് പ്രധാന ഉപഭോക്താക്കള്‍. എന്ന് കരുതി അവര്‍ മാത്രമാണെന്നില്ല. അപ്പുറത്ത് മെക്സിക്കോ വരെ നീണ്ടു നില്‍ക്കുന്നുണ്ട് കസ്റ്റമേഴ്സിന്റെ ലിസ്റ്റ്. ‘സര്‍ക്കാരുകള്‍ക്ക് ഭീകരതയെ നേരിടാനുള്ള സാങ്കേതിക സഹായം നല്‍കല്‍’ എന്നാണ് അവരുടെ ഈ ഏര്‍പ്പാടിനെ അവര്‍ തന്നെ വിശേഷിപ്പിക്കുന്നത്.

നാഗ്പൂരിലെ മനുഷ്യവകാശ പ്രവര്‍ത്തകനായ നിഹാല്‍സിങ്ങ് റാത്തോഡിന് നിരന്തരമായി കോളുകള്‍ വന്നുകൊണ്ടിരുന്നു. മറ്റു രണ്ടു മനുഷ്യവകാശ പ്രവര്‍ത്തകരും ഇതേ പോലെ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് റാത്തോഡ് പറഞ്ഞത്.

കള്‍ച്ചുറല്‍ ആന്‍ഡ് ആന്റി കാസ്റ്റ് ആക്ടിവിസ്റ്റായ രൂപാലി ജാദവ്, ജാതിയതക്കെതിരെ പോരാടുന്ന ദിഗ്രീ പ്രസാദ് ചൗഹാന്‍, മനുഷ്യാവകാശ അഭിഭാഷകനായ ബേല ഭാട്ടിയ, ദല്‍ഹിയില്‍ ഗവേഷണം ചെയ്യുന്ന അജ്മല്‍ ഖാന്‍ എന്നിവര്‍ക്കും ഇത്തരത്തില്‍ അന്താരാഷ്ട്ര നമ്പരുകളില്‍ നിന്നും കോളുകളും മെസേജുകളും വന്നിരുന്നതായി ദ വയറിനോട് വെളിപ്പെടുത്തി.

ഈ വര്‍ഷം മേയിലാണ് പെഗാസസ് സോഫ്റ്റ്വെയറുപയോഗിച്ചുള്ള സൈബര്‍ ആക്രമണം പുറത്ത് വന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും നയതന്ത്രജ്ഞരും, മാധ്യമപ്രവര്‍ത്തകരുമടക്കം സൈബര്‍ ആക്രമണത്തിനിരയാക്കപ്പെട്ടു. ഇസ്രയേല്‍ അധിഷ്ഠിതമായ എന്‍എസ്ഓ എന്ന സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനം നിര്‍മ്മിച്ച പെഗാസസ് സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ആക്രമിക്കപ്പെട്ട ഫോണിന്റെ ക്യാമറയുടെയും മൈക്രോഫോണിന്റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്.

അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ സോഫ്റ്റ് വയര്‍ വില്‍ക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നുമായിരുന്നു വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എന്‍എസ്ഓയുടെ വിശദീകരണം. കമ്പനി സ്വയം പെഗാസസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എന്‍എസ്ഓ വ്യക്തമാക്കിയിരുന്നു.

സൗദിയിലും യു.എ.ഇ യിലും ഉറക്കത്തിലെങ്കിലും അറിയാതെ ജനാധിപത്യമെന്നോ സ്വാതന്ത്രമെന്നോ പറഞ്ഞ് പോയവരൊക്കെ ഇന്ന് ജയിലിലോ പരലോകത്തോ എത്തിയിട്ടുണ്ട്. ഭരണകൂടങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് ‘പെഗസസ്’ വഴിയുള്ള ട്രാകിംഗ് ആയിരുന്നുവെന്ന് ആക്റ്റിവിസ്റ്റുകള്‍ ഒന്നടങ്കം പറയുന്നു.

ഇപ്പോള്‍ ഇന്ത്യയിലും പെഗസിസിന്റെയും NSO യുടേയും പേരുകള്‍ ചര്‍ച്ചയാവുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളുടെ ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ഇവരുടെ സഹായം തേടിയതായാണ് വാര്‍ത്തകള്‍. ഇതിലല്‍ഭുതമില്ല. സൗദിയും യു.എ.ഇയും ഭരിക്കുന്നവരും ഇന്ന് ഇന്ത്യ ഭരിക്കുന്നവരുമായി ആശയപരമായി ഒരു വ്യത്യാസവുമില്ല. ജനാധിപത്യത്തോടും വ്യക്തി സ്വാതന്ത്ര്യത്തോടും പരമ പുച്ഛം പുലര്‍ത്തുന്ന ഇവര്‍ക്ക് പെഗസസ് ഒരേ പോലെ സ്വീകാര്യമാവുന്നത് സ്വാഭാവികം.

കാശ്മീരില്‍ ഇന്ത്യ ഇസ്രായേല്‍ മാതൃകക്ക് തുടക്കമിട്ടിട്ടുണ്ട്. ഇസ്രഈല്‍ ബന്ധത്തിന്റെ കൂടുതല്‍ തലങ്ങള്‍ വരും നാളുകളില്‍ കാണാം. ഇസ്രഈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടും. അതിനനുസരിച്ച് സൗദിയും യു.എ.ഇ യുമായൊക്കെയുള്ള ഇന്ത്യയുടെ വ്യത്യാസങ്ങളും കുറയും. ജനാധിപത്യം ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ക്ക് ഇസ്രഈലിനോളം നല്ലൊരു പങ്കാളി വേറെയില്ല.