ഏറ്റവും അധികം അപമാനിച്ചത് പ്രിന്‍സിപ്പല്‍’: ബിനീഷ് ബാസ്റ്റിന്‍ ; രാജിവെക്കാന്‍ തയ്യാര്‍ എന്ന് പ്രിന്‍സിപ്പല്‍

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് തനിക്കേറ്റത് ജീവിതത്തിലെ ഏറ്റവും വലിയ അപമാനമെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കൂലി പണിയെടുത്ത് ജീവിക്കുന്നവനാണ് താന്‍.
ഉദ്ഘാടന ദിവസം ഇടുക്കിയില്‍ നിന്നാണ് താന്‍ പാലക്കാട് എത്തിയത്. വൈകീട്ട് 6.30 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. തനിക്ക് വേണ്ടി ഒരു മുറി തയ്യാറാക്കിയിരുന്നു.

ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചെയര്‍മാനും കുട്ടികളും വന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. മടിയോടെയാണ് അവര്‍ കാര്യം അവതരിപ്പിച്ചത്. ബിനീഷ് ഉണ്ടെങ്കില്‍ വേദി പങ്കിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായി ചെയര്‍മാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറയാന്‍ കാരണമെന്ന് ചോദിച്ചു. തന്നോട് ചാന്‍സ് ചോദിച്ച് നടന്ന, താഴേക്കിടയില്‍ നിന്ന് വന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ പറഞ്ഞതായാണ് അവര്‍ തന്നോട് വ്യക്തമാക്കിയത്. തുടര്‍ന്നാണ് വേദിയിലെത്തി പ്രതിഷേധിച്ചതെന്നും ബിനീഷ് പറഞ്ഞു.ഏറ്റവും അധികവും അപമാനിച്ചത് പ്രിന്‍സിപ്പലാണ്. കോളജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പട്ടിയോട് കാണിക്കുന്ന പരിഗണന പോലും ഉണ്ടായിരുന്നില്ല. ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല വേദിയില്‍ കയറിയത്. തറയില്‍ നിന്ന് വന്ന ആളാണ് താന്‍. അതുകൊണ്ടാണ് തറയില്‍ ഇരുന്ന് പ്രതിഷേധിച്ചത്. മനുഷ്യനെ മനുഷ്യനായി തന്നെ കാണണം.

ഇതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചാല്‍ കൂലിപ്പണിക്ക് പോകും. വിജയ് സാറിനൊപ്പം തെരി എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ആളുകള്‍ അംഗീകരിച്ച് തുടങ്ങിയത്. ഇരുന്നൂറിലധികം കോളജുകളില്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ കൂലിപ്പണിക്ക് പോകുമെന്നും ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ് രംഗത് വന്നു. തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താനാരെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു സിനിമയുമായി ഒരു ബന്ധവുമില്ല.

ആരെപ്പോള്‍ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല.’- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്നു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അതു ചെയ്തതു തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു പരിപാടി.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.