രാജ്യത്തെ പാചകവാതക വില കുതിക്കുന്നു

രാജ്യത്തെ വിഴുങ്ങുന്ന വിലക്കയറ്റം അടുക്കളയിലേയ്ക്കുമെത്തി. പൊള്ളുന്ന പച്ചക്കറി വിലയ്‌ക്കൊപ്പം ഇതാ ഇപ്പോള്‍ പാചകവാതക വിലയും കുത്തനെ മുകളിലോട്ടാണ്. തുടര്‍ച്ചയായ മൂന്നാം മാസം പാചകവാതക വില വീണ്ടും കൂടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയപ്പോള്‍, പാചകവാതക വിലയില്‍ മുറുകെപിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസിഎല്‍) നല്‍കുന്ന കണക്കനുസരിച്ച് നവംബര്‍ 1ന് 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 76.5 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. വിലവര്‍ധനയ്ക്ക് ശേഷം ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 681.50 രൂപയായി ഉയര്‍ന്നു. ഒക്ടോബറില്‍ സിലിണ്ടര്‍ 605 രൂപയ്ക്ക് ലഭ്യമായിരുന്നു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലയാണ് 681.50.

19 കിലോയുടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 119 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വിലയനുസരിച്ച് ഈ സിലിണ്ടറിന്റെ വില 1204 രൂപയാണ്. മുന്‍പ് ഒക്ടോബറില്‍ ഈ സിലിണ്ടറിന് 1085 രൂപയായിരുന്നു വില.

ഇതിനുപുറമെ, 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില ഇപ്പോള്‍ 264.50 രൂപയാണ്. മൂന്ന് തരം സിലിണ്ടറുകളുടെയും പുതുക്കിയ വില നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.