മഞ്ചക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് സിപിഐ ; സര്‍ക്കാര്‍ പ്രതിരോധത്തില്‍

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമെന്ന് ഭരണ കക്ഷിയായ സി പി ഐ. ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങള്‍ സിപിഐ സംഘം സന്ദര്‍ശിച്ചു. നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടുല്‍ വ്യാജമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് സിപിഐ സംഘത്തിന്റെ സന്ദര്‍ശനം. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘത്തെ നിയോഗിക്കുന്നത്.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎല്‍എമാരായ ഇ കെ വിജയന്‍, മുഹമ്മദ് മുഹ്സിന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ബോധ്യപെട്ടതായും സന്ദര്‍ശനത്തിനു ശേഷം കെ പ്രകാശ് ബാബു പറഞ്ഞു.

റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന നേതൃത്വത്തിനു കൈമാറാനാണ് സംഘത്തിന്റെ തീരുമാനം. മഞ്ചക്കണ്ടിയിലെത്തിയ സംഘം ഊരുവാസികളുമായും കൂടിക്കാഴ്ച നടത്തി. നിയമസഭയിലും പുറത്തും പ്രതിപക്ഷം വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സിപിഐയും കടുത്തനിലപാടുമായി പരസ്യമായി രംഗത്തെത്തിയത്. സി.പി.ഐ സംഘത്തിന്റെ സന്ദര്‍ശനം സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

എന്നാല്‍ ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്ന വിശദീകരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. മരിച്ചവര്‍ക്ക് വെടിയേറ്റ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ നടന്നത് വ്യാജമായ ഏറ്റുമുട്ടല്‍ ആകാം എന്ന് പലരും ആരോപിച്ചിരുന്നു. അത്യാധുനിക മെഷീന്‍ ഗണ്ണായ എ കെ 47 മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും കണ്ടെത്തിയിരുന്നു. അവര്‍ അതുപയോഗിച്ചു വെടിവെച്ചു എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട് എങ്കിലും പോലീസ് തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും ഒരു പരിക്ക് പോലും പറ്റിയിട്ടില്ല എന്നത് സംശയത്തിന് കാരണമാകുന്നു.