വാളയാര്‍ പീഡനം ; ഉടന്‍ സി ബി ഐ അന്വേഷണം വേണ്ട എന്ന് ഹൈക്കോടതി
വാളയാര്‍ പീഡനക്കേസില്‍ ഉടന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് ഹൈക്കോടതി. വേണമെങ്കില്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. വിധി പറഞ്ഞ കേസില്‍ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു. അതേസമയം, ഹൈക്കോടതി വിധി റദ്ദാക്കിയാല്‍ മാത്രമേ കേസ് അന്വേഷിക്കുകയുള്ളുവെന്ന് സിബിഐയും നിലപാടെടുത്തു.
വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുക്കുളമാണ് ഹര്‍ജി നല്‍കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണ ഘട്ടത്തില്‍ തന്നെ കേസ് ദുര്‍ബലമാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വാളയാര്‍ കേസിലെ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം വേണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷം ആയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജനും കേസില്‍ ഹാജരാകുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്പെഷ്യല്‍ പ്രൊസീക്യൂട്ടര്‍ കേസില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.
എന്നാല്‍ കേസില്‍ മതിയായ തെളിവുകളില്ലെന്നും, കേസില്‍ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിന്റെ വിശദീകരണം. അവസാനം കേസിലെ പ്രതികളെ എല്ലാം കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.