വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍

കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍. നടപടി പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ യു.എ.പി.എ പിന്‍വലിക്കില്ല എന്നാണു ഉത്തര മേഖല ഐ.ജി അശോക് യാദവ് പറയുന്നത്. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. മാവോയിസ്റ്റ് ലഘുലേഖ കൈയ്യില്‍ വച്ചതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍പ് ഈ പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നിരുന്നു.

റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ സമിതിയാണ് നടപടി പുനഃപരിശോധിക്കുന്നത്. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയില്‍ സിപിഎമ്മില്‍ നിന്നും സിപിഐഎമ്മില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ നടപടി പുനഃപരിശോധിക്കാന്‍ തീരുമാനമാകുന്നത്.പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് എന്നു തുടങ്ങി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വരെയുള്ളവര്‍ പോലീസ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ സിപിഐയും നിലപാട് കടുപ്പിച്ചതോടെ ഇടത്തുമുന്നണിയിലും പ്രതിസന്ധി രൂക്ഷമായിരുന്നു.

എന്നാല്‍ യു.എ.പി.എ നിലനില്‍ക്കുന്നതാണു എന്നാണ് ഐ.ജി വ്യക്തമാക്കിയത് . പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. യോഗത്തിനുശേഷം കമ്മീഷണറും ഐ.ജിയും ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങി. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നരോപിച്ചാണ് 2 സിപിഎം പ്രവര്‍ത്തകരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതോടെ സിപിഐ നേതൃത്വം രംഗത്തെത്തി. തുടര്‍ന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍, കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന പോലീസിന്റെ വാദം ഉന്നത ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിരിക്കുകയാണ്.