അയോധ്യ ; കോടതി വിധി എന്തായാലും ബഹുമാനിക്കണ0 എന്ന് മുസ്ലീം സംഘടനകള്‍

ബാബറി മസ്ജിദ് രാമ ജന്‍മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കാന്‍ മുസ്‌ളീം സംഘടനകളുടെ തീരുമാനം. മുസ്ലീം സംഘടനയിലെ ഭരണാധികാരികളും പുരോഹിതന്മാരും അധികാരികളും ചേര്‍ന്ന് ഞായറാഴ്ച നടത്തിയ യോഗത്തിലാണ് തീരുമാനം.

അഖിലേന്ത്യാ മുസ്ലീം മജ്ലിസ്-ഇ-മുഷവരത് പ്രസിഡന്റ് നവൈദ് ഹമിദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിധി എന്തായാലും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് തീരുമാനമായത്.

ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദാനി, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വജാത്ത് ഹബീബുള്ള, മുന്‍ എംപി ഷാഹിദ് സിദ്ദിഖി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സദത്തുല്ല ഹുസൈനി, പാര്‍ലമെന്റ് അംഗങ്ങളായ ഡോ. ജാവേദ്, ഇമ്രാന്‍ ഹസന്‍ എന്നിവരും പങ്കെടുത്തു.

കേസില്‍ സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും
നല്ല രീതിയില്‍ എടുക്കണമെന്ന് യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം ജനങ്ങള്‍ വിധിയെ അഭിമുഖീകരിക്കാനെന്നും പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

കൂടാതെ, പ്രകോപനപരമായ പ്രകടനങ്ങള്‍, പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിന് സംഘടന പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും സാമുദായിക സൗഹൃദം നിലനിര്‍ത്തുന്നതിന് മുന്‍ കൈയെടുക്കാന്‍ ആര്‍എസ്എസ് നേതൃയോഗത്തില്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു.

അതേസമയം, അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഒക്ടോബര്‍ 16ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്.