മാവോയിസ്റ്റ് ഭീഷണി ; പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പിണറായിയെ കൂടാതെ മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

അട്ടപ്പാടിയില്‍ പൊലീസ് ഏറ്റമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലുള്‍പ്പെടെ ആഭ്യന്തരവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത നടപടിയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചത്.

കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നായിരുന്നു അലന്റേയും താഹയുടേയും പ്രതികരണം.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഐഎമ്മില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. അതുപോലെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണ് എന്ന രീതിയില്‍ ഭരണ പക്ഷത്തുള്ളവര്‍ തന്നെ പരസ്യമായി പറഞ്ഞു തുടങ്ങി കഴിഞ്ഞു.