മഹാരാഷ്ട്ര ; ബി ജെ പിക്ക് താക്കീതുമായി ശിവസേന ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സമീപിക്കും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം തേടുമെന്നും ശിവസേന പറഞ്ഞു. വലിയ കക്ഷി എന്ന നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന അവസരം ചോദിക്കും.എന്‍.സി.പിയുടെയും കണ്‍ഗ്രസിന്റെയും മറ്റുള്ളവരുടേയും സഹായമുണ്ടെങ്കില്‍ ഞങ്ങളുടെ സംഖ്യ 170 കടക്കുമെന്നും ശിവസേന പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് 105 സീറ്റിനപ്പുറത്തേക്ക് കിട്ടില്ലായിരുന്നുവെന്നും ശിവസേന പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കില്ലെന്നാണ് സേനാ നിലപാട്. എന്നാല്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലയിലാണ് ബി ജെ പിയുടെ പ്രതികരണം.