ക്രിക്കറ്റില്‍ ഫൈനല്‍ ഫിഫ്റ്റിന്‍ വരുന്നു ; ഐപിഎല്ലില്‍ വിപ്ലവ മാറ്റത്തിനൊരുങ്ങി ബിസിസിഐ
ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വിപ്ലവ മാറ്റങ്ങളുമായി ബി സി സി ഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിപ്ലവ മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ. പതിനഞ്ച് പേരടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് സര്‍പ്രൈസ് ഇലവനെ ഫീല്‍ഡിറക്കാനും ഇലവനില്‍ പെടാത്ത ഒരു കളിക്കാരനെ കളിയുടെ ഇടക്കു വെച്ച് ബാറ്റിംഗിലോ ബൗളിംഗിലോ പരീക്ഷിക്കാനും ടീമുകള്‍ക്ക് അനുവാദം നല്‍കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ‘പവര്‍ പ്ലയര്‍’ എന്നാണ് ഈ സബ്സ്റ്റിറ്റിയൂട്ടിന്റെ പേര്.
‘‘ടീമുകള്‍ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കില്ല. 15 അംഗ ടീം അനൗണ്‍സ് ചെയ്തിട്ട് ഒരു കളിക്കാരനെ വിക്കറ്റ് വീഴുമ്പോഴോ ഓവറിന്റെ അവസാനത്തിലോ കളത്തിലിറക്കാം. ഐപിഎല്ലില്‍ ഇത് അവതരിപ്പിക്കാനാണ് പ്ലാന്‍. വരുന്ന മുഷ്താഖ് അലി ട്രോഫിയില്‍ ഇത് പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.”- ബിസിസിഐ അറിയിച്ചു.
തീരുമാനം അന്തിമരൂപത്തിലായെങ്കിലും ഐപിഎല്‍ ഗവേണിംഗ് കമ്മറ്റി കൂടി അംഗീകരിച്ചാലേ ഇത് പ്രാബല്യത്തില്‍ വരൂ. വരുന്ന മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. നാളെയാണ് (5/11) ഐപിഎല്‍ ഗവേണിംഗ് കമ്മറ്റിയുടെ മീറ്റിംഗ്.
”അവസാനത്തെ ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കട്ടെ. നൂറു ശതമാനം ഫിറ്റല്ലാത്ത, അന്തിമ ഇലവനില്‍ ഇല്ലാത്ത ആന്ദ്രേ റസല്‍ ഡഗ് ഔട്ടിലിരിക്കുകയാണ്. പക്ഷേ, പുതിയ നീക്കം വഴി ആ ഓവറില്‍ അദ്ദേഹത്തിന് ബാറ്റിംഗിനിറങ്ങുകയും ടീമിനെ ജയിപ്പിക്കുകയും ചെയ്യാം. ഇനി അവസാന ഓവറില്‍ ആറു റണ്‍സ് പ്രതിരോധിക്കണമെന്നിരിക്കട്ടെ. ജസ്പ്രീത് ബുംറ ഡഗൗട്ടിലിരിക്കുന്നു. അദ്ദേഹത്തിന് അവസാന ഓവര്‍ എറിയാനാവും.”- ബിസിസിഐ അധികൃതരിലൊരാള്‍ അറിയിച്ചു.
ഇതോടെ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടും. അതുപോലെ തകര്‍ച്ചയില്‍ നില്‍ക്കുന്ന പല മത്സരങ്ങളും വിജയിക്കുവാനും കഴിയും.