സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങി മടുത്ത യുവാവ് റവന്യൂ ഉദ്യോഗസ്ഥയെ തീവെച്ച് കൊന്നു

തെലങ്കാനയില്‍ ആണ് സംഭവം. ഭൂരേഖകള്‍ തിരുത്താനെത്തിയ ആള്‍ ആണ് റവന്യൂ ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ ഓഫീസിനുള്ളില്‍ വെച്ച് തീയിട്ട് കൊന്നത്. വില്ലേജ് ഓഫീസ് ജീവനക്കാരിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരാള്‍ റവന്യൂ ഉദ്യോഗസ്ഥയെ കാണാനെത്തിയത്. വിജയയുടെ മുറിയിലെത്തിയ പരാതിക്കാരന്‍ അരമണിക്കൂറോളം സംസാരിച്ചു. അതിനിടെ തര്‍ക്കിച്ച വിജയയെ യുവാവ് കൈയ്യിലുണ്ടായിരുന്ന കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിനുശേഷം സംഭവ സ്ഥലത്തു നിന്ന് അയാള്‍ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ വിജയ സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിജയയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഭൂരേഖകള്‍ ഡിജിറ്റലാക്കിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങേണ്ടി വന്നയാളാണ് അക്രമം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.