ട്രെയിനില്‍ കയറി രക്ഷപ്പെട്ട കള്ളനെ വിമാനത്തില്‍ പോയി പിടികൂടി പോലീസ്

ട്രെയിനില്‍ കയറി നാടുവിട്ട കള്ളനെ ഫ്‌ലൈറ്റില്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസ്. ബെംഗളൂരു പൊലീസാണ് ഓടിയ കള്ളന് ഒരുമുഴം മുന്‍പേ എറിഞ്ഞത്. ബെംഗളുരുവില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് അജ്മീരിലേക്ക് കടന്ന കള്ളനെയാണ് പൊലീസ് തന്ത്രപൂര്‍വം പിടികൂടിയത്.

21കാരനായ കുശാല്‍ സിംഗ് ആണ് പോലീസിന്റെ ബുദ്ധിക്കു മുന്നില്‍ കുടുങ്ങിയത്. ബെംഗളൂരുവിലുള്ള ഒരു കച്ചവടക്കാരന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ഇയാള്‍ . ഒരുനാള്‍ വീട്ടിലെ സ്വര്‍ണ്ണം മോഷ്ടിച്ച കുശാല്‍ രാജസ്ഥാനിലെ അജ്മീറിലേക്ക് ട്രെയിന്‍ കയറി. എന്നാല്‍ വിവരം അറിഞ്ഞ പോലീസ് കുശാലിന് മുന്‍പേ വിമാനം പിടിച്ചു അജ്മീറില്‍ എത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണവുമായി അജ്മീറില്‍ ചെന്നിറങ്ങിയ കുശാലിനെ കാത്ത് ബെംഗളൂരു പൊലീസ് അവിടെ നില്‍പ്പുണ്ടായിരുന്നു . കുശാല്‍ ട്രെയിനില്‍ അജ്മീറിലെത്തിയത് മൂന്നു ദിവസം കൊണ്ടാണ്. എന്നാല്‍, വിമാനത്തില്‍ യാത്ര ചെയ്ത പൊലീസ് അയാളെത്തും മുന്‍പേ റെയില്‍വേ സ്റ്റേഷനിലെത്തി.

കച്ചവടക്കാരനായ മെഹക് വി പിരഗലിന്റെ വീട്ടില്‍ ഒക്ടോബര്‍ 27നാണ് ജോലിക്ക് കയറുന്നത്. അന്ന് രാത്രി 7.30ന് വീടു നോക്കാന്‍ കുശാലിനെ ഏല്പിച്ച കുടുംബം പുറത്തേക്ക് പോയി. തിരികെ 9 മണിക്ക് തിരികെയെത്തുമ്പോള്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി അവര്‍ ശ്രദ്ധിച്ചു. മെഹക് ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു.

കുശാലിന്റെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസിന് അയാള്‍ യാത്രയിലാണെന്ന് മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുശാല്‍ അജ്മീറിലേക്കുള്ള ട്രെയിനിലാണെന്നറിഞ്ഞു. ഉടന്‍ ഫ്‌ലൈറ്റില്‍ ജയ്പൂര്‍ എത്തിയ ബെംഗളൂരു പൊലീസ് അവിടെ നിന്ന് അജ്മീറിലേക്ക് പോയി. കുശാല്‍ അജ്മീറിലെത്തിയ ഉടനെ, അവിടെ കാത്തു നിന്ന പൊലീസ് ആളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.