ആട് ജീവിതത്തിലൂടെ എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തില്‍

കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തില്‍ വീണ്ടും. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ഗായകന്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞതായി സംവിധായകന്‍ ബ്ലെസ്സി തന്നെയാണ് വെളിപ്പെടുത്തിയത്.

കുവൈറ്റില്‍ നടന്ന എന്‍ബിടിസി ഫെസ്റ്റീവ് നൈറ്റ് 2019 ലാണ് ബ്ലെസ്സി വിജയ് യേശുദാസ്, എആര്‍ റഹ്മാന്റെ സംഗീതത്തില്‍ പാടിയെന്ന കാര്യം വെളിപ്പെടുത്തുന്നത്. എബ്രഹാമിന്റെ ഒരു പ്രൊജക്ടില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നും, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജിനൊപ്പം തുടങ്ങിയ പ്രോജക്ടിന്റെ ഷൂട്ടിംഗ് പകുതിയും കഴിഞ്ഞുവെന്നും ബ്ലെസ്സി പറഞ്ഞു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി ഒരുക്കുന്ന ചിത്രമാണ് ഇത്. ജോലി തേടി ഗള്‍ഫില്‍ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിര്‍മ്മിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ മണി രത്നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആര്‍ റഹ്മാന്‍ അതേവര്‍ഷം തന്നെ മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. അതിനു ശേഷം ഇപ്പോഴാണ് മലയാളത്തിന് വേണ്ടി റഹ്മാന്‍ സംഗീതം ഒരുക്കുന്നത്.