ജനുവരി എട്ടിനു മുമ്പ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കും

മരടിലെ ഫ്ളാറ്റുകള്‍ ജനുവരി എട്ടിനു മുമ്പ് പൊളിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. സ്ഫോടനത്തിലൂടെയാകും ഫ്ളാറ്റുകള്‍ പൊളിക്കുക. കരാര്‍ കമ്പനികള്‍ ജനലും വാതിലുകളും വില്‍പ്പന നടത്തുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു. മരടിലെ അനധികൃത ഫ്ളാറ്റുകളിലെ താമസക്കാരായ ഏഴു ഫ്ളാറ്റുടമകള്‍ക്കു കൂടി 25 ലക്ഷം രൂപ വീതം നഷ്ട പരിഹാരം ലഭിക്കും. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഇതിനായി ശുപാര്‍ശ നല്‍കിയത്. ഇതോടെ 227 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടി ആയി.

ഈ മാസം രണ്ടാം തീയതി 24 പേര്‍ക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമിതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്തിരുന്നു. അതേ സമയം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കരാര്‍ കമ്പനികള്‍ ജനലും, വാതിലും വില്‍പ്പന നടത്തുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്നും സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു.

ഫ്ളാറ്റില്‍ ശേഷിക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ നാളെ ഒരു ദിവസം കൂടി ഉടമകള്‍ക്ക് കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം മരട് ഫ്ളാറ്റ് നിര്‍മാണ കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ മാസം 19 വരെ നീട്ടി. ഒന്നാം പ്രതി ഹോളി ഫെയിത്ത് ഉടമ സാലി ഫ്രാന്‍സിസ്, രണ്ടാം പ്രതി മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മൂന്നാം പ്രതി മുന്‍ പഞ്ചായത്ത് സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്.