കോപ്പിയടിച്ചത് കഴിവ് ഉള്ളത് കൊണ്ട് എന്ന് പരസ്യമായി വെല്ലുവിളിച്ചു പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതി
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ പോലീസ് പിടിയിലായ മുഖ്യ പ്രതി നസീം ആണ് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിനു ഇത്തരത്തില്‍ മറുപടി നല്‍കിയത്. കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവ് എന്നാണ് നിയമവ്യവസ്ഥിതിയെ തന്നെ വെല്ലുവിളിച്ച് കൊണ്ട് ഇയാള്‍ പോസ്റ്റ് ഇട്ടത്.
‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് നസീം ചിത്രം അപ്ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ ‘നീയൊക്കെ എങ്ങനെ തോല്‍ക്കും. അമ്മാതിരി കോപ്പിയടി അല്ലേ’യെന്ന് ഒരാള്‍ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിന്റെ കമന്റ്. ‘കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്. ഒന്നു പോടേ’ എന്നായിരുന്നു നസീമിന്റെ കമന്റ്. വിവാദമായതിനെത്തുടര്‍ന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.
അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ നസീം ഇത്തരത്തില്‍ കമന്റിട്ടത്.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. ഈ സംഭവത്തിനു ശേഷമാണ് പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഇരുവരും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെയും കോളേജ് അധികൃതരുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.