പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 എണ്ണം മടങ്ങിയെന്ന് ധനമന്ത്രി

2018 ല്‍ ഉണ്ടായ പ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്. ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്. 6.31 കോടി രൂപയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത് എന്നും മന്ത്രി പറയുന്നു.

തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം ലഭിച്ചു. ഇനിയും 331 ചെക്കുകളില്‍ നിന്നും തുക ലഭിക്കാനുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ തുകയുളള 43 ചെക്കുകള്‍ മടങ്ങിയവയില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 4656.93 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ 15,664 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തു ഉണ്ടായത്.