സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്പര്യമില്ല എന്ന് ശരദ് പവാര്‍ ; പിന്‍മാറി കോണ്‍ഗ്രസും

തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസങ്ങള്‍ക്ക് ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. ഇലക്ഷന്‍ ഒരുമിച്ചു നേരിട്ട ബി.ജെ.പി- ശിവസേനാ സഖ്യം 50 : 50 യില്‍ മുട്ടി നില്‍ക്കുമ്പോള്‍ മറുപക്ഷത്തുള്ള എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടു വരുന്നില്ല. ബി.ജെ.പിയെ കൂടെക്കൂട്ടിയും അല്ലാതെയും സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന തയ്യാറാണ്. എന്നാല്‍ എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം ശിവസേനയുമായി അടുക്കുന്നില്ല എന്നതാണ് പ്രശ്നം.

അതുപോലെ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി. ജനങ്ങള്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് നല്‍കിയ നിര്‍ദ്ദേശം പ്രതിപക്ഷത്തിരിക്കാനാണ്. പാര്‍ട്ടി ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ശിവസേന എന്‍സിപി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന അവസരത്തിലാണ് ശരദ് പവാറിന്റെ ഈ പ്രതികരണം. കൂടാതെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കുന്ന കാര്യം സംബന്ധിച്ച് എന്‍സിപിയോ കോണ്‍ഗ്രസോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന അതിന് വേണ്ടി എന്തിനും തയ്യാറാകുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം എന്തുകൊണ്ടാണ് മഹാരാഷ്ട്രയില്‍ അതിനായി ശ്രമിക്കാത്തത് എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്. സഖ്യത്തിനായി ശിവസേന ആവര്‍ത്തിച്ച് ശ്രമിക്കുമ്പോഴും എന്തുകൊണ്ടാണ് കോണ്‍ഗ്രസും എന്‍.സി.പിയും മുഖം തിരിഞ്ഞുനില്‍ക്കുന്നത് എന്ന ചോദ്യം അണികളും ചോദിക്കുന്നു.

എന്നാല്‍ ഭരിക്കാനാവശ്യമായ സീറ്റില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ അവസാന നിമിഷം ജെ.ഡി.എസുമായി ചേര്‍ന്ന് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ഒരു വര്‍ഷത്തിനുശേഷം ബി.ജെ.പിയ്ക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. അത് തന്നെയാണ് ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്ന പ്രധാനകാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലേതിന് സമാനമായി ബി.ജെ.പി തന്നെയായിരുന്നു കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ജെ.ഡി.എസും കോണ്‍ഗ്രസും ഫലത്തിന് ശേഷം സഖ്യം ചേര്‍ന്നതോടെ ബി.ജെ.പി പ്രതിപക്ഷത്തായി.

അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ സഖ്യസര്‍ക്കാര്‍ 13 മാസം കൊണ്ട് താഴെ വീണതോടെ രാഹുലിന്റെ ഈ കൗശലം മഹാരാഷ്ട്രയില്‍ പ്രയോഗിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഹരിയാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ട് പോയത് ഇക്കാരണത്താലാണ്.