യു എ ഇയില്‍ വാട്‌സാപ്പ് കോളുകളുടെ വിലക്ക് നീങ്ങുന്നു

നിലവില്‍ വാട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീക്കാനൊരുങ്ങി യുഎഇ സര്‍ക്കാര്‍. നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ഗുണകരമായ ഇക്കാര്യം അറിയിച്ചത്.

വാട്സ്ആപ്പുമായി വിവിധ കാര്യങ്ങളില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചതെന്നും കുവൈത്തി പറഞ്ഞു. Telecommunication ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയിസ് കോള്‍ ലൈസന്‍സ് ലഭിക്കുക.

Skype, Face time തുടങ്ങിയ വോയിസ് & വീഡിയോകോള്‍ പ്ലാറ്റ് ഫോമുകള്‍ക്ക് യുഎഇയില്‍ വിലക്കുണ്ട്. ഇവയ്ക്കുള്ള വിലക്കുകള്‍ നീക്കിയിട്ടില്ല. ഇവയ്ക്ക് പകരം യുഎഇയിലെ സ്വദേശ വോയിസ്‌കോള്‍ ആപ്പുകളായ ബോടിം, സിമെ, എച്ച്‌ഐയു എന്നിവയാണ് പ്രചാരത്തിലുള്ളത്.

ഫ്രീ കോളുകള്‍ വിലക്കി ഈ കമ്പനികളുടെ വോയിസ് കോള്‍ സൗകര്യം ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയ കാര്യമായിരുന്നു. 2017ല്‍ സൗദി അറേബ്യ വാട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് എടുത്തു കളഞ്ഞിരുന്നു. ഖത്തറില്‍ അംഗീകൃത ടെലികോം ഓപ്പറേറ്റേര്‍സ് വോയിസ് കോള്‍ ആപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്.