പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ് ; ബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

പിഎസ്സി പരീക്ഷാ ക്രമക്കേട് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല രീതിയില്‍ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികള്‍ക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

പ്രതികളെ സംരക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും ഇക്കാര്യം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേ സമയം ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പിഎസ്സിക്ക് കൈമാറി.