ഇന്ത്യയുടെ കുതിപ്പിന് തടസ്സമായ നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം തന്നെ നടുങ്ങിയ കറുത്ത ദിനങ്ങള്‍ക്ക് തുടക്കം കുറിച്ച ഒരു പ്രഖ്യാപനത്തിനു ഇന്ന് മൂന്ന് വയസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നവംബര്‍ 7 രാത്രിയിലാണ് രാജ്യത്തെ നടുക്കിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. കള്ളപ്പണം കള്ളനോട്ട് തീവ്രവാദം എന്നിവയ്ക്ക് തട ഇടുമെന്ന ഗീര്‍വ്വാണം മുഴക്കിയാണ് സര്‍ക്കാരും സര്‍ക്കാര്‍ അനുകൂലികളും നോട്ടു നിരോധനത്തിന് ന്യായീകരിച്ചത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകള്‍ അര്‍ധരാത്രി മുതല്‍ അസാധുവാകുമെന്ന ആ പ്രഖ്യാപനം കോടികളുടെ കോട്ട കെട്ടിപ്പടുത്ത കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതി. എന്നാല്‍ അഞ്ചും പത്തും കൂട്ടിവച്ച് സാധാരണക്കാരനുണ്ടാക്കിയ കുടിലുകളാണ് മുഴുവനും ഈ നിരോധനത്തില്‍ കത്തി അമര്‍ന്നത്.
കോടിക്കണക്കിനു ജനങ്ങളാണ് ഒറ്റ രാത്രികൊണ്ട് പ്രതിസന്ധിയിലായത് . പിറ്റേന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത് വീടും ജോലിയുമെല്ലാം മറന്ന് എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പില്‍ ക്യൂ നില്‍ക്കുന്ന ജനത്തെയാണ് ….മണിക്കൂറുകള്‍ ക്യൂ നിന്ന് ക്ഷീണിച്ച് ഈ ക്യൂവില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചവരുണ്ട് … രാജ്യത്തെ ഞെട്ടിച്ച, നമ്മില്‍ പലരുടേയും തലവര തന്നെ മാറ്റിയെഴുതിയ, നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്….
കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. ഭീകര വാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് അടയ്ക്കാനാണെന്നുകൂടി മോദി വിശദീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ ചരിത്രം കണ്ടതില്‍വച്ച് ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു നോട്ട് നിരോധനം എന്നാണ് കാലം തെളിയിച്ചത്. ‘തുഗ്ലക്കിന്റെ പരിഷ്‌കാരം’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ഈ നീക്കം രാജ്യത്തിനേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യ ഇന്നും കരകയറിയിട്ടില്ല. പെട്ടെന്നുണ്ടായ പ്രഖ്യാപനംമൂലം ഇന്ത്യയിലെ സപ്ലൈ ചെയ്നുകളും വ്യാപാര മേഖലയും സ്തംഭനാവസ്ഥയിലായി.
ഡീമോണിറ്റൈസേഷന്‍ (നോട്ട് നിരോധനം) നടപ്പാക്കാന്‍ കാട്ടിയ ആര്‍ജവം ‘റീമോണിറ്റൈസേഷനില്‍’ സര്‍ക്കാര്‍ കാണിച്ചില്ല. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് റീമോണിറ്റൈസേഷന്‍ നടപടികളിലേക്ക് കടന്നത്. അതിന് ശേഷമാണ് പൊതുജനങ്ങളുടെ കൈയ്യില്‍ പണം വന്ന് തുടങ്ങുന്നതും ക്യാഷ് ഫ്ളോ സാധാരണഗതിയിലേക്കാകുന്നതും. അപ്പോഴേക്കും സ്ഥിതിഗതികള്‍ കൈവിട്ടുപോയിരുന്നു.
നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നല്‍കി പകരം പുതിയ നോട്ടുകള്‍ ലഭിക്കുമായിരുന്നു. നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം മാറ്റി നല്‍കാനാവാത്തതിനാല്‍ രാജ്യത്തെ കള്ളപ്പണം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ വലിയ തുകയുള്ളവരെല്ലാം പണത്തെ ചെറിയ തുകകളായി വിഭജിച്ച് ബിനാമികളുടെയും കുടുംബത്തിന്റെയും പേരില്‍ മാറ്റി വാങ്ങി. അതുകൊണ്ട് തന്നെ നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. കണക്കനുസരിച്ച് ആകെ തിരിച്ചെത്താത്ത നോട്ടുകള്‍ 10,720 കോടി രൂപയുടെ മാത്രം മൂല്യമുള്ളതാണ്.
3 മുതല്‍ 4 ലക്ഷം കോടി കള്ളപ്പണം പിടിച്ചെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി എന്നുമാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മണ്ടന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ എന്ന ദുഷ്പേരും ഈ നീക്കത്തോടെ മോദി ഗവണ്‍മെന്റിന് ലഭിച്ചു.
കള്ളപ്പണം കറന്‍സിയുടെ രൂപത്തില്‍ മാത്രമല്ല, മറിച്ച് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിങ്ങനെയുള്ള സ്വത്തുക്കളുടെ രൂപത്തിലുമാകാമെന്ന വസ്തുത ധനമന്ത്രാലയം മറന്നു. അതുകൊണ്ട് നോട്ട് നിരോധനം തുടങ്ങി ആദ്യ ദിനം തന്നെ നടപടി പാളുന്നതിന്റെ എല്ലാ സൂചനകളും പുറത്തുവന്നു. കള്ളപ്പണം തടയാന്‍ നോട്ട് നിരോധനത്തിനാകുമെന്ന സര്‍ക്കാര്‍ തീരുമാനത്തോട് ആര്‍ബിഐ ഡയറക്ടര്‍മാര്‍ പോലും യോജിച്ചിരുന്നില്ല.
നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് പ്രവചിച്ച മന്‍മോഹന്‍ സിങ് നടപടി കൊടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാണെന്നും കുറ്റപ്പെടുത്തി. ഡോ. മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ കാലം ശരിവെച്ചു. അതേസമയം സമൂഹത്തിലെ പ്രമുഖരും പ്രശസ്തരുമായ പലരും ഇതിനെ അനുകൂലിച്ചു രംഗത് വന്നിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ചെയ്തത് മണ്ടത്തരമാണ് എന്ന് പരസ്യമായി പറയേണ്ട ഗതികേട് അവര്‍ക്ക് ഉണ്ടായി.
അഞ്ഞൂറ് ആയിരം നോട്ടുകള്‍ക്ക് പകരം വിപണിയില്‍ ഇറക്കിയ രണ്ടായിരം രൂപാ നോട്ടു ഇപ്പോള്‍ സര്‍ക്കാര്‍ അച്ചടി നിര്‍ത്തി വെച്ചിരിക്കുകയാണ്. കള്ളനോട്ടു അടിക്കാന്‍ പറ്റാത്ത രീതിയിലാണ് രണ്ടായിരം രൂപാ നോട്ടു ഇറക്കുന്നത് എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു എങ്കിലും വളരെ എളുപ്പത്തില്‍ തയ്യറാക്കാവുന്ന തരത്തിലായിരുന്നു നോട്ട് എന്ന് ഇപ്പോള്‍ പിടികൂടുന്ന കള്ളനോട്ടുകള്‍ കാണുമ്പോള്‍ മനസിലാകും.