നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്ര സർക്കാർ

നെഹ്‌റു കുടുംബത്തിന് നൽകി വന്നിരുന്ന എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവിൽ നെഹ്‌റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് സുരക്ഷ നൽകി വരുന്നത്. ഇത് പിന്‍വലിക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ മൂവരുടേയും ജീവന് നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഇവര്‍ക്ക് ഇനി ലഭിക്കുക Z+ സുരക്ഷയാണ്. അതായത് പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ. മുന്‍പ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജി സുരക്ഷയില്‍ നിന്നും Z+ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്. രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ.