മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. രാജ്ഭവനിലെത്തിയാണ് ഫഡ്‌നാവിസ്, ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്ക് മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കാവല്‍സര്‍ക്കാറായി തുടരുകയായിരുന്ന ഫട്‌നവിസ് സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 9ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിസമര്‍പ്പിച്ചത്. താന്‍ രാജിക്കത്ത് സമര്‍പ്പിച്ചതായും ഗവര്‍ണര്‍ രാജി അംഗീകരിച്ചതായും ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇനിയും സാധ്യതകള്‍ വിദൂരമാണ്. ശിവസേനയുടെ ആവശ്യങ്ങള്‍ BJP അംഗീകരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണവും തീരുമാനമില്ലാതെ നീളുകയാണ്.

അതേസമയം, ശിവസേനയെ അനുനയിപ്പിക്കാന്‍ നിതിന്‍ ഗഡ്കരി മുംബൈയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അദ്ദേഹവും ശിവസേനക്ക് മുഖ്യമന്ത്രി പദവി നല്‍കുന്ന കാര്യത്തില്‍ എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.  ഈയവസരത്തില്‍ ശിവസേനയെ അനുനയിപ്പിക്കുക ഗഡ്കരിക്ക് എളുപ്പമാവില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനായിരിക്കും കേന്ദ്ര സര്‍ക്കാര്‍ താത്പര്യം കാണിക്കുക എന്നും സൂചനയുണ്ട്. എന്നാല്‍, ശിവസേനയെ കൂടാതെ ഒറ്റക്ക് മുന്നോട്ടു പോകാനാണ് BJP തീരുമാനിക്കുന്നതെങ്കില്‍ NDAയുമായി സഖ്യമുപേക്ഷിക്കുന്നതടക്കം കടുത്ത തീരുമാനങ്ങളുമായി ശിവസേന മുന്നോട്ടു നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.