നവജാതശിശുവിന്റെ മൃതദേഹത്തിനോട് നഗരസഭയുടെ ക്രൂരത ; മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം അനുവദിച്ചില്ല ; ഒടുവില്‍ കുഴിയെടുത്തത് പൊലീസ്

ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ മൃതദേഹത്തിന് നേരെ നഗരസഭയുടെ ക്രൂരത. കുട്ടിയുടെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ല. നഗരസഭയുടെ നിസ്സഹകരണം മൂലം പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

പൊലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടു നല്‍കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.

വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7-ന് പുലര്‍ച്ചെ ഒരുമണിക്ക് പ്രസവവേദനയെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗര്‍ഭത്തില്‍ വെച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് സംസ്‌കരിക്കേണ്ടതെന്നായിരുന്നു നഗരസഭയുടെ വാദം.

തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചതോടെ 36 മണിക്കൂര്‍ വൈകി സ്ഥലം നല്‍കി. എങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയുടെ നേതൃത്വത്തില്‍ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്.

അതിനിടെ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തി നെയിംബോര്‍ഡുകള്‍ തകര്‍ത്തു.