അയോദ്ധ്യ ; സംയമനം പാലിക്കണമെന്ന് പിണറായി
അയോദ്ധ്യ വിധി വന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിധിയുടെ പേരില്‍ ജനങളുടെ സാധാരണ ജീവിതം തകരുന്ന യാതൊരു ഇടപെടലും ഉണ്ടാവരുത്.
ബാബറി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായാണ് പ്രതികരിച്ചതെന്നും കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ അതേ രീതിയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ നാം തുടരണംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി അന്തിമമാണ് എന്നതിനാല്‍ ഈ ഘട്ടത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ ഏവരും ബാധ്യസ്ഥരാണ്. വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഏവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.