പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു നരേന്ദ്ര മോദി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി ഗുരുദാസ്പൂരിലെത്തിയ വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മോദി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ചത്.

”ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ഗുരുദാസ്പൂര്‍ ഗുരുദ്വാരയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം, കര്‍താപൂര്‍ ഇടനാഴി തുറക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സി0ഗ്, അകാലിദള്‍ നേതാവ് പ്രകാശ് സി0ഗ് ബാദല്‍ എന്നിവര്‍ നേരത്തെ പ്രശംസിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സി0ഗും പ്രധാനമന്ത്രിയെ പ്രശംസിക്കുകയും പഞ്ചാബിലും കശ്മീരിലും ഭിന്നിപ്പിക്കുന്ന അജണ്ട നടപ്പാക്കുന്നതിനെതിരെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഓരോ സിഖുകാര്‍ക്കും ഇത് ഒരു ചരിത്ര ദിനമാണെന്ന് ക്യാപ്റ്റന്‍ സിംഗ് പറഞ്ഞു. പഞ്ചാബിനും നമ്മുടെ രാജ്യത്തിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കും,” അദ്ദേഹം പറഞ്ഞു.

പാക് അധീന പഞ്ചാബിലെ കര്‍താര്‍പൂരില്‍ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിച്ച് തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍. കര്‍താപൂര്‍ ഇടനാഴിക്ക് 4.5 കി.മി നീളമാണുള്ളത്. ഇതോടെ തീര്‍ത്ഥാടകര്‍ക്ക് ഇവിടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യാത്ര എളുപ്പമാകും.