ഈ വര്‍ഷവും പമ്പയില്‍ വാഹന പാര്‍ക്കിംഗ് ഇല്ല

ശബരിമല തീര്‍ത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയില്‍ വാഹന പാര്‍ക്കിംഗിന് അനുമതി ഇല്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുക.

ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മാത്രം ഒരു ലക്ഷം വാഹനങ്ങള്‍ എത്തിയെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തില്‍ 10,000 വാഹനം മാത്രമാണ് നിലയ്ക്കലില്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയുക. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു.

17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് നിലയ്ക്കലുള്ളത്. നിലവിലത്തെ സാഹചര്യത്തില്‍ 2000 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുള്ളത്. ഇതിനായി 700 റബര്‍ മരങ്ങള്‍ നിലയ്ക്കലില്‍ നിന്ന് മുറിച്ച് മാറ്റും. പുതിയ പാര്‍ക്കിംഗ് സ്ഥലം ഒരുക്കാന്‍ വേണ്ടിയും റോഡ് നിര്‍മ്മാണത്തിനുമായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വാഹന തിരക്ക് ഉണ്ടായാല്‍ പാതയോടുള്ള ചേര്‍ന്നുള്ള മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ നിയന്ത്രിക്കുവനാണ് തീരുമാനം.