അയോദ്ധ്യ വിധി ; പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ ഒരാള്‍ പിടിയില്‍

അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ റോഡില്‍ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളെ മതിലകം പൊലീസ് പിടികൂടി. വിധിയുടെ പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനങ്ങളോ മതസ്പര്‍ധ വളര്‍ത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

നേരത്തെ അയോധ്യാ വിധി വരുന്നതിന് മുമ്പ് ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന്‍ മഹാരാഷ്ട്രയില്‍ പൊലീസ് പിടിയിലായിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഐപിസിയുടെ 153(1)(B), 188 വകുപ്പുകള്‍ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത്തരം ആളുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.