അയോധ്യ ; വിധിയ്ക്കെതിരെ നിര്‍മോഹി അഖാഡ രംഗത്തു
ബാബറി മസ്ജിദ് രാമ ജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിര്‍മോഹി അഖാഡ. തര്‍ക്കഭൂമിയില്‍ നിര്‍മോഹി അഖാഡയ്ക്ക് അവകാശമില്ല എന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് അഖാഡയുടെ തീരുമാനം.
തര്‍ക്ക പ്രദേശമായ 2.77 ഏക്കര്‍ സ്ഥലം രാം ലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നീ കക്ഷികള്‍ക്ക് തുല്യമായി വീതിച്ച് നല്‍കണമെന്നായിരുന്നു 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി. എന്നാല്‍ അലഹബാദ് കോടതിയുടെ വിധിയെ പൂര്‍ണമായി തള്ളിയാണ് സുപ്രീം കോടതി ഇന്നലെ വിധി പ്രസ്താവിച്ചത്.
തര്‍ക്കഭൂമിയില്‍ താന്ത്രികമായോ, ആചാരപരമായോ യാതൊരു അവകാശവും നിര്‍മോഹി അഖാഡയ്ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ അവകാശം തീരെ ലഭിക്കാനാണ് നിര്‍മോഹി അഖാഡ പുനഃപരിശോധനാ ഹര്‍ജി നല്കാന് ആലോചിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായതിനാല്‍ നിര്‍മോഹി അഖാഡയെ നിയമപ്പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാണ്.