പാലാരിവട്ടം അഴിമതിക്കേസ് ; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടിയ നിലയില്‍ . അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി തേടി വിജിലന്‍സ് നല്‍കിയ കത്തില്‍ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തില്ല. ഇതോടെ വികെ ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം നടത്താന്‍ ഇതുവരെ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനി്ക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിലെ ഗൂഡാലോചനയില്‍ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ടി.ഒ സൂരജ് നല്‍കിയ മൊഴികളിലും, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കന്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കണം. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഓക്ടോബര്‍ 22 നാണ് അന്വേഷണ സംഘം അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ 19 ദിവസമായിട്ടും ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

മുന്‍ മന്ത്രിക്കെതിരെ അന്വേഷണത്തിനുള്ള അനുമതി വൈകുന്നതെന്താണെന്ന് ഹൈക്കോടതിയും നേരത്തെ സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സ് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടതുണ്ട്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ മാത്രമാണ് ഇതുവരെ ഇബ്രാഹിം കുഞ്ഞിനെതിരായ ആകെയുള്ള കണ്ടെത്തല്‍. പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതിനാല്‍ അന്വേഷണം പൂര്‍ണമായും വഴിമുട്ടിയ അവസ്ഥയിലുമാണ്.