ജന്മനാ ചലന ശേഷി ഇല്ലാത്ത സെബാസ്റ്റ്യന് രക്ഷകനായി വിജയ്
ആരാധകരുടെ സ്വന്തം ദളപതിയായ താരമാണ് വിജയ്. തമിഴ് താരമാണ് എങ്കിലും കേരളത്തിലും വിജയ് എന്ന നടനെ ആരാധിക്കുന്ന ലക്ഷങ്ങള്‍ ഉണ്ട്. അതുപോലെ രക്ഷകന്‍ എന്ന് കളിയാക്കിയും പലരും സോഷ്യല്‍ മീഡിയയില്‍ വിജയിയെ വിളിക്കാറുണ്ട്. എന്നാല്‍ ആ വിളി സത്യമായി എന്ന് വേണം കരുതാന്‍. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ ജയകുമാര്‍ – ഭാനു ദമ്പതികളുടെ മകന്‍ സെബാസ്റ്റ്യന്റെ ജീവിതത്തില്‍ രക്ഷകനായി മാറിയത് വിജയ് ആണ്.
നേരിട്ടല്ലെങ്കിലും ജന്മനാ ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ട സെബാസ്റ്റ്യനെ പുതിയ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയത് വിജയ് എന്ന നടനോടുള്ള ഇഷ്ടം മാത്രമാണ്. പ്രസവ സങ്കീര്‍ണതയില്‍ തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് തടസപ്പെട്ടതിനാലാണ് സെബാസ്റ്റ്യന് ചലനശേഷിയും പ്രതികരണശേഷിയും നഷ്ടപെടുന്നത്.
പലയിടത്തായി ചികിത്സ നടത്തിയെങ്കിലും സെബാസ്റ്റ്യന്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് വിജയ്യുടെ തീ പാറുന്ന ഡയലോഗുകളും പാട്ടും കണ്ടപ്പോഴാണ്. വിജയ്യുടെ സിനിമകള്‍ കാണിച്ചും വിജയ്യുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ മുന്നില്‍ വച്ചും നടത്തിയ പ്രോത്സാഹനവും ചികിത്സയും കാരണമിന്ന് സെബാസ്റ്റ്യന്‍ എഴുന്നേറ്റ് നടക്കും. സംസാരിക്കാനും ആരംഭിച്ചു. വിജയ്യോടുള്ള സ്നേഹവും ബഹുമാനവും ചികിത്സയും ചേര്‍ന്നപ്പോള്‍ സെബാസ്റ്റ്യന്‍ നടക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സതീഷ് പറയുന്നു.
ജന്മനാ ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ട സെബാസ്റ്റ്യന്‍ ഇപ്പോള്‍ പുതിയ ജിവിതത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ഒരിക്കലെങ്കിലും ഇളയ ദളപതി വിജയ് സെബാസ്റ്റ്യനു മുന്നിലെത്തും എന്ന് പ്രതീക്ഷയിലാണ് അമ്മ ഭാനു. ജന്മനാ നടക്കാന്‍ കഴിയാത്ത, സംസാരശേഷി ഇല്ലാത്ത സെബാസ്റ്റ്യനെ പല ഡോക്ടര്‍മാരെയും കാണിച്ചിരുന്നു. ഇടുക്കിയിലെ പഞ്ചകര്‍മ്മ ആശുപത്രിയിലെത്തിച്ചപ്പോള്‍ വിജയ്യുടെ ‘സെല്‍ഫി പുള്ള’ എന്ന റിംഗ്ടോണ്‍ കേട്ടതും കുട്ടിക്ക് നേരിയ ചലനം ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ തെറാപ്പിയുടെ ഭാഗമായി സെബാസ്റ്റ്യനെ വിജയ്യുടെ സിനിമകള്‍ കാണിക്കാന്‍ തുടങ്ങുകയായിരുന്നു.
വീഡിയോ : 24 ന്യൂസ്