തിരുവനന്തപുരം മേയര്‍ ആയി കെ ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു

കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. മുന്‍ മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.

100 അംഗ കോര്‍പറേഷനില്‍ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രയും കൗണ്‍സിലിലുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്താനാണ് കോണ്‍ഗ്രസും ബിജെപിയും ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗണ്‍സിലറുമായ എംആര്‍ ഗോപനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരെയും പിന്തള്ളിയാണ് കെ ശ്രീകുമാര്‍ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.