മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമായി മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേയ്ക്ക്. തിരഞ്ഞെടുപ്പ് ഫലം വന്നു 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്. മറ്റു വഴികളൊന്നും ഇല്ലെന്നാണ് ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.

ചൊവ്വാഴ്ച വൈകിട്ട് 8 മണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍, സമയപരിധി അവസാനിക്കുന്നതിന് മുന്‍പേ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണറുടെ റിപ്പോര്‍ട്ട് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും.എന്നാല്‍ ഗവര്‍ണരുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന രംഗത്തെത്തി. എന്‍സിപിക്കു നല്‍കിയ സമയം അവസാനിക്കാതെ എങ്ങനെയാണ് ഗവര്‍ണര്‍ക്കു രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്യാനാവുകയെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചു.

ട്വീറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. കൂടാതെ, സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്ന് ശിവസേന ആരോപിച്ചിരുന്നു.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105, ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. അതേസമയം മറ്റു പാര്‍ട്ടികള്‍ ശിവസേനയുമായി അടുക്കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.