ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചു ; നാട്ടുകാര്‍ ആരാധന നടത്തിയത് ഒരു വര്‍ഷത്തോളം ; പാരയായത് കാവി നിറം

സര്‍ക്കാരിന്റെ കാവി വല്‍ക്കരണം കാരണം പൊതുജനത്തിനു അമളി പിണഞ്ഞത് നീണ്ട ഒരു വര്ഷം. ഉത്തര്‍പ്രദേശിലെ മോദഹ ഗ്രാമത്തിലാണ് സംഭവം.

കാവി നിറം പൂശിയ ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ അവിടെ ആരാധന നടത്തുകയായിരുന്നു. കെട്ടിടത്തില്‍ പൂശിയിരിക്കുന്ന കാവി നിറം കണ്ട് കണ്ട് അത് ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആരാധന. ഒരു വര്‍ഷത്തിനു ശേഷമാണ് ഇത്രയും കാലം തങ്ങള്‍ ആരാധന അര്‍പ്പിച്ചത് കക്കൂസിനു മുന്നിലായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.

കാവിനിറം പൂശി അടച്ചിട്ടിരിക്കുകയായിരുന്നു ഇത്. ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തിനരികിലായിരുന്നു ഈ കെട്ടിടം. കാവി നിറത്തില്‍, കണ്ടാല്‍ ക്ഷേത്രമെന്നു തോന്നുന്ന കെട്ടിടം. പോരേ പൂരം. അത് ക്ഷേത്രമാണെന്ന് നാട്ടുകാര്‍ വിചാരിച്ചു. അത് സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല.

പുറത്ത് പൂജ തുടങ്ങി. പ്രതിഷ്ഠ കെട്ടിടത്തിനകത്താണെന്നു കരുതി പ്രാര്‍ത്ഥനയും വഴിപാടും പരാതി പ്രവാഹവും. ഒടുവില്‍ ആരോഗ്യകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന്റെ സത്യാവസ്ഥ പറഞ്ഞപ്പോഴാണ് ഇത്രയും കാലം തങ്ങള്‍ ദൈവിക സാന്നിധ്യം കണ്ടെത്തിയിരുന്നത് ഒരു കക്കൂസിനു മുന്നിലാണെന്ന് മനസ്സിലായത്.

കക്കൂസിന്റെ കാവി നിറം കണ്ട് തെറ്റിദ്ധരിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കിയെങ്കിലും കക്കൂസ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്തായാലും സംഭവത്തിനു ശേഷം കെട്ടിടത്തിന്റെ കാവി നിറം മാറ്റി പിങ്ക് ആക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോഴും അത് തുറന്നിട്ടില്ല.

ഉത്തര്‍പ്രദേശില്‍, കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴില്‍ പണിത എല്ലാ ശൗചാലയങ്ങളുടെയും നിറം കാവിയാണ്.