ശബരിമല യുവതി പ്രവേശനം ; പുനഃപരിശോധനാ ഹര്‍ജികളില്‍ നിര്‍ണായക വിധി നാളെ
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി നാളെ രാവിലെ 10.30ന്. അയോധ്യ വിധിയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മറ്റൊരു ബെഞ്ച് വിധി പറയേണ്ട മറ്റൊരു പ്രധാന കേസാണ് ശബരിമല യുവതി പ്രവേശനം.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 57 റിവ്യൂ ഹര്‍ജികളിലാണ് കോടതി തീരുമാനമെടുക്കുക. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്പത്തഞ്ചോളം പുനഃപരിശോധനാ ഹര്‍ജികളില്‍ വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നാളെ നേതൃത്വം നല്‍കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പ് ഈ കേസില്‍ വിധി പ്രസ്താവം ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്. ഇതിനെതിരെ സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പുനഃപരിശോധന ഹര്‍ജികള്‍ എത്തിയ കേസുകളുടെ കൂട്ടത്തിലേക്ക് ശബരിമലയും എത്തി. ശബരിമല യുവതീ പ്രവേശന വിധി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി വിധി പറയുന്നത്.