കര്‍ണാടക : വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു
കര്‍ണാടക വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ അയോഗ്യരാക്കിയവര്‍ക്ക് അടുത്ത ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും കോടതി പറഞ്ഞു.
അതുപോലെ കേസുമായി ബന്ധപ്പെട്ട് 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയും ധാര്‍മികതയുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ഡിസംബര്‍ 5ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ സാധിക്കും. 15 നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവംബര്‍ 11 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നവംബര്‍ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
മുന്‍പ്, ഒക്ടോബര്‍ 21നാണ് കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 17 അയോഗ്യ എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 5ലേക്ക് മാറ്റിയത്.