ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കാന്‍ സര്‍ക്കാര്‍ നീക്കം

കോടതി വിധിക്കു പിന്നാലെ ഈ മണ്ഡലകാലം ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ എന്ന് റിപ്പോര്‍ട്ട്. വിധിയില്‍ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ മണ്ഡല കാലാനുഭവവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ആവര്‍ത്തിക്കാതിരിക്കാനാണ് സിപിഐഎമ്മും സര്‍ക്കാരും ഇത്തരത്തില്‍ ഒരു നിലപാട് എടുത്തത് എന്ന് അറിയുന്നു. സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുത്തുന്നതു വരെ യുവതീ പ്രവേശനം അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ.

മൗലികാവകാശവും സമത്വവുമായി ബന്ധപ്പെട്ടവയാണ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടതെന്നതിനാല്‍ യുവതീ പ്രവേശന വിലക്ക് മൗലികാവകാശ ലംഘനമോ കോടതിയലക്ഷ്യമോ ആവില്ലെന്നാണ് സര്‍ക്കാരിനു കിട്ടിയ നിയമോപദേശം. യുവതീ പ്രവേശനം വിലക്കുമെന്ന് പരസ്യമായി പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ല . യുവതികള്‍ വന്നാല്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ യുവതികളെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോവില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ പ്രതികരണം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ശബരിമല യുവതീ പ്രവേശ വിഷയം നിലനിര്‍ത്തേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.