കൊതുകു ശല്യം രൂക്ഷമായി ; ഭാര്യ ഉലക്ക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു

ഗുജറാത്തിലെ നരോദയില്‍ ആണ് സംഭവം. 40കാരന്‍ ഭൂപേന്ദ്രയെയാണ് ഭാര്യയും മകളും ചേര്‍ന്ന് തല്ലി ഒരു പരുവമാക്കിയത്. എല്‍ഇഡി ലൈറ്റുകള്‍ വില്പന നടത്തിയാണ് ഭൂപേന്ദ്ര കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കച്ചവടം തീരെ കുറഞ്ഞതു കൊണ്ട് വരുമാനത്തില്‍ ഇടിവു നേരിട്ടു. കഴിഞ്ഞ രണ്ട് മാസമായി വൈദ്യുതി ബില്‍ അടക്കാന്‍ കഴിയാതെ വന്നതോടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഭൂപേന്ദ്രയും ഭാര്യ സംഗീതയും (36), മകള്‍ ചിതലും (20) ഉറങ്ങാന്‍ കിടന്നു. ബുധനാഴ്ച പുലര്‍ച്ചെ തന്നെ കൊതുക് കടിക്കുന്നുവെന്നും സഹിക്കാന്‍ കഴിയുന്നില്ലെന്നും സംഗീത ഭൂപേന്ദ്രയോട് പരാതിപ്പെട്ടു. വൈദ്യുതി ഇല്ലാത്തതു കൊണ്ട് തന്നെ ഫാനിടാന്‍ സാധിക്കുന്നില്ലെന്നും സംഗീത പറഞ്ഞു. ഇതിനു മറുപടിയായി കട്ടിലില്‍ തന്നോടൊപ്പം വന്നു കിടന്നാല്‍ സുഖമായി ഉറങ്ങാമെന്ന് തമാശരൂപേണ ഭൂപേന്ദ്ര പറഞ്ഞു.

ഭര്‍ത്താവിന്റെ മറുപടി ഇഷ്ടപ്പെടാതിരുന്ന സംഗീത അടുക്കളയിലേക്കു ചെന്ന് ഉലക്ക എടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. ഭൂപേന്ദ്രയുടെ തലയിലാരുന്നു മര്‍ദ്ദനം. അമ്മ തല്ലുന്നതു കണ്ട മകളും ഒപ്പം കൂടി. അടി സഹിക്കാന്‍ കഴിയാതെ ഭൂപേന്ദ്ര നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിവന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വലത്തേ കണ്ണിനു മുകളിലായി ഏഴ് സ്റ്റിച്ചുകളാണ് ഭൂപേന്ദ്രക്ക് വേണ്ടി വന്നത്. തുടര്‍ന്ന് അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.