ശബരിമല ; വിധി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി
ശബരിമല വിധി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി. ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട് പേര്‍ എതിര്‍ക്കുകയും ചെയ്തു. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനില്‍ക്കും.
ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുന്നതിന് വിശാല ബെഞ്ചിലേക്ക് വിട്ടത്.
മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു.
അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ വ്യവഹാരങ്ങള്‍ക്ക് ശേഷമായിരുന്നു വിധി.
യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മുമ്പാകെ എത്തിയത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരിയില്‍ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു.