പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ
പൗരന്മാരുടെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ എന്ന് ഫേസ്ബുക്ക് ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി- ജൂണ്‍ മാസത്തിനിടയില്‍ 22,684 അപേക്ഷകളാണ് ഇന്ത്യയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. 2018 ല്‍ ജൂലായ് – ഡിസംബറിനിടയില്‍ ഇത് 20,805 ആയിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ നിന്നുള്ള 22,684 അഭ്യര്‍ത്ഥനകളില്‍ 54% കേസുകളിലും ഫേസ്ബുക്ക് ഡാറ്റ തയ്യാറാക്കി. 1,615 അഭ്യര്‍ഥനകള്‍ ‘അടിയന്തര അഭ്യര്‍ത്ഥനകള്‍’ ആയിരുന്നു.
അപേക്ഷ അനാവശ്യമാണെന്നു തോന്നുകയാണെങ്കില്‍ വിവരങ്ങള്‍ കൈമാറില്ലെന്നും ആവശ്യമാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പൗരന്മാരുടെ വിവരങ്ങളിലേക്ക് കടന്നുചെല്ലാനുള്ള പിന്‍വാതില്‍ ഫേസ്ബുക്ക് ഒരിക്കലും തുറന്നുകൊടുക്കില്ല എന്നും ഫേസ് ബുക്ക് വ്യക്തമാക്കി.
2018 നെ അപേക്ഷിച്ച് ഫേസ്ബുക്ക് ഉപയോക്തൃ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാറുകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വര്‍ദ്ധിച്ചതായി ഫേസ്ബുക്ക് പറയുന്നു. ഈ വര്‍ഷം ആദ്യപകുതിയിലെത്തി നില്‍ക്കുമ്പോള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള കണക്കാണിത്.
ആഗോളതലത്തില്‍ ഫേസ്ബുക്ക് ഉപയോക്തൃ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിനെ സമീപിച്ചത് 1,28,617 സര്‍ക്കാറുകളായിരുന്നു. 2013ലെ ഫേസ്ബുക്കിന്റെ ആദ്യത്തെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 37 ശതമാനമാണ് അപേക്ഷകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ്.
ഇന്ത്യക്കു മുന്നില്‍ യു.എസ് സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. ഉപയോക്താവിനോട് വെളിപ്പെടുത്തരുത് എന്ന ഉത്തരവോടുകൂടിയാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ദ്വിവത്സര റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ന്റെ പകുതിയില്‍ 50,714 അപേക്ഷകളാണ് യു.എസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.