പ്രളയം ; കേരളത്തിന് ഒന്നും നല്‍കാതെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കി കേന്ദ്രം

പ്രളയ പുനരുദ്ധാരണത്തിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര ധനസഹായമായി 2101 കോടി കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും പ്രളയ സഹായം എന്ന പേരില്‍ കേരളത്തിനായി കേന്ദ്രം നല്‍കിയില്ല.

സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നല്‍കുന്ന തുകയുടെ ആദ്യ ഗഡു മാത്രമാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്.

2019-’20 സാമ്പത്തിക വര്‍ഷത്തില്‍ 52.27 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ഇതുവരെ ലഭിച്ചത്. കേരളത്തിനു പുറമേ വലിയതോതില്‍ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചിട്ടില്ല.

അതേസമയം ബിജെപി ഭരിക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തില്‍നിന്ന് ധനസഹായം ലഭിച്ചിരുന്നു. കര്‍ണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിവിഷന്‍ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.