വാളയാര്‍ ; അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

വാളയാറില്‍ സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നാല് പ്രതികള്‍ക്കും നോട്ടീസയച്ച കോടതി നോട്ടീസ് ലഭിച്ചാലുടന്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. കേസില്‍ അടിയന്തര പുനര്‍വിചാരണ വേണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ 21 ന് വീണ്ടും സിറ്റിംഗ് നടത്തും. ആഭ്യന്തര സെക്രട്ടറി, 2-മെഡിക്കല്‍ ഓഫീസര്‍മാര്‍, സസ്‌പെന്റ് ചെയ്യപ്പെട്ട എ.എസ്.ഐ, സി.ഐ എന്നിവര്‍ സിറ്റിംഗില്‍ ഹാജരാകണം.

കേസില്‍ വി. മധു, എം. മധു, ഷിബു എന്നിങ്ങനെ മൂന്ന് പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അമ്മയുടെ അപ്പീലിലെ അപേക്ഷ. 13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഇവരെ വെറുതെ വിട്ടത്.