മോഷണം പോയ ബാഗ് തിരികെ കിട്ടി ; വിഷ്ണുവിന്റെ ജീവിതവും
സോഷ്യല്‍ മീഡിയ രാവും പകലും പണി എടുത്തപ്പോള്‍ ഒരാളുടെ ജീവിതം കൂടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂര്‍ നഗത്തില്‍ വെച്ച് വിദ്യാഭ്യാസ രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിഷയം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ അത് വൈറല്‍ ആക്കുകയും ചെയ്തു. അസംഖ്യം ഷെയറുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം ഇപ്പോഴിതാ ആ ബാഗ് തിരികെ ലഭിച്ചിരിക്കുകയാണ്.
ബാഗ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്നാണ് വിഷ്ണുവിന് തിരികെ ലഭിച്ചത്. തന്റെ കളഞ്ഞു പോയ സര്‍ട്ടിഫിക്കറ്റുകളെല്ലാം തിരികെ ലഭിച്ചു എന്നും തന്റെ ജീവിതം തന്നെയാണ് തിരികെ ലഭിച്ചതെന്നും വിഷ്ണു പറഞ്ഞു.
വിഷ്ണുവിന്റെ ബാഗ് ഈ മാസം 10ന് ആണ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്. ജര്‍മനിയില്‍ നിയമനം നേടുന്നത് വരെ ചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരില്‍ സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരില്‍ നിന്ന് തൃശൂരില്‍ എത്തിയതായിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആറ് വര്‍ഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണ് വിദേശത്ത് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
10ന് രാവിലെ 10.15ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയില്‍ കയറി. അവിടെ കയറി മിനിറ്റുകള്‍ക്കകമാണ് ബാഗ് പോയത്. സ്റ്റേഷന്‍ മുഴുവന്‍ തെരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സ്റ്റേഷനിലെ പല ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. അതോടെ ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടി. പൊട്ടിക്കരഞ്ഞു കൊണ്ട് ആ ബാഗിലെ വിദ്യാഭ്യാസ രേഖകളെങ്കിലും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട വീഡിയോ കണ്ട കള്ളന്‍ ബാഗ് തിരികെ ഏല്‍പ്പിക്കാന്‍ സന്മനസ് കാണിക്കുകയായിരുന്നു.