ഇന്ത്യയില്‍ ദാരിദ്യം കൂടുന്നു ; പൂഴ്ത്തി വെച്ച കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് ദാരിദ്രം വര്‍ധിച്ചതായി വിശദീകരിക്കുന്ന റിപ്പോര്‍ട്ട് പുറത്തു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ദാരിദ്ര്യം മുമ്പത്തെക്കാളും കൂടിയെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക എജന്‍സിയായ എന്‍എസ്ഒയുടെ സര്‍ക്കാര്‍ പൂഴ്ത്തി വച്ച സ്ഥിതി വിവര റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഗ്രാമീണമേഖലയില്‍ ഭക്ഷ്യ ഉപയോഗം 10 ശതമാനം കുറഞ്ഞതായും നാല് പതിറ്റാണ്ടിനിടെ ജനങ്ങള്‍ ചെലവഴിക്കുന്ന പ്രതിമാസ തുകയില്‍ ആദ്യമായി കുറവുണ്ടായതായും റിപ്പോര്‍ട്ട് സ്ഥാപിയ്ക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ പൗരന്മാരുടെ ചെലവഴിക്കല്‍ തുകയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍.

ജൂലൈ 2017നും ജൂണ്‍ 2018നും ഇടയില്‍ തയാറാക്കിയ റിപ്പോര്‍ട്ട് 2019 ജൂണില്‍ പ്രത്യേക സമിതി അംഗീകരിച്ചെങ്കിലും സര്‍ക്കാറിന് തിരിച്ചടിയാകുമെന്നതിനാല്‍ പുറത്തുവിട്ടിരുന്നില്ല. പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2011-12ലെ പ്രതിമാസ ചെലവില്‍ നിന്ന് 2017-18 ആകുമ്പോഴേക്കും 3.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2011-12 കാലയളവില്‍ ശരാശരി 1501 രൂപയാണ് പ്രതിമാസം ചെലവഴിച്ചിരുന്നതെങ്കില്‍ 2017-18 ആയപ്പോഴേക്കും അത് 1446 രൂപയിലേക്ക് കുറഞ്ഞു. ഉപഭോഗത്തിലുണ്ടായ കുറവ് ദാരിദ്ര്യം കൂടുന്നതിന്റെ സൂചനയാണിത്.

ഗ്രാമീണമേഖലയില്‍ ചെലവാക്കല്‍ തുകയില്‍ 8.8 ശതമാനമാനം കുറവുണ്ടായി. എന്നാല്‍, നഗരങ്ങളില്‍ ഇതേ തുകയില്‍ രണ്ട് ശതമാനം വര്‍ധിച്ചു. 2011-12 കാലയളവില്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഭക്ഷണത്തിനായി പ്രതിമാസം 643 രൂപ ചെലവഴിച്ചിരുന്നിടത്ത് 2017-18 ആയപ്പോഴേക്കും 580 രൂപയിലേക്ക് കുറഞ്ഞു. നഗരങ്ങളില്‍ 2011-12ല്‍ 943 രൂപയായിരുന്നു ഭക്ഷണത്തിന് ചെലവാക്കിയിരുന്നതെങ്കില്‍ 2017-18ല്‍ അത് 946 ലേക്ക് ഉയരുകയും ചെയ്തു.

നേരിയ വര്‍ധന ഇക്കാലയളവിലുണ്ടായി. നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിന് തൊട്ടുപിന്നാലെയും ചരക്ക് സേവന നികുതി നടപ്പാക്കിയ വര്‍ഷമായിരുന്നു സര്‍വേ. ആഗോള എണ്ണപ്രതിസന്ധി മൂലം 1972-73 കാലഘട്ടത്തിലാണ് മുമ്പ് പ്രതിമാസ ചെലവഴിക്കല്‍ തുക കുറഞ്ഞിട്ടുള്ളത്. ആഭ്യന്തര ഭക്ഷ്യപ്രതിസന്ധി രൂപപ്പെട്ട 1960 തിന് സമാനമാണ് സാഹചര്യം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രാജ്യത്ത് ദാരിദ്ര്യം കൂടിയെന്ന വസ്തുത ശരിവെക്കുന്നതാണെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിന് മേല്‍ ചാര്‍ത്തുന്നു. ഇലക്ഷന്‍ മുന്‍ നിര്‍ത്തിയായിരുന്നു ഇത്തരം കണക്കുകള്‍ എല്ലാം സര്‍ക്കാര്‍ ഇടപെട്ടു പൂഴ്ത്തി വെച്ചിരുന്നത്.