കൂടത്തായി ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. പ്രതികളായ ജോളി, എം.എസ് മാത്യു, പ്രജുകുമാര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയാണ് ഈ മാസം 30 വരെ നീട്ടിയത്. അതേസമയം കൂടത്തായിയിലെ മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
ഇത് സയനൈഡ് ആകാമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. കൂടത്തായി കൊലപാതക പരമ്പര അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
വിഷം കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിയിലെ മരണങ്ങള്‍ നടന്നതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ കണ്ടെത്തല്‍. ഇത് സയനൈഡ് ആവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് കേരളം തന്നെ ഞെട്ടിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.