നാളെ തന്നെ ശബരിമലയില്‍ എത്തുമെന്നു തൃപ്തി ദേശായി ; കുരുക്കിലായി സര്‍ക്കാര്‍

കോടതി വിധിയുടെ പിന്‍ബലത്തില്‍ നാളെ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ തല്‍ക്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സര്‍ക്കാരിനെ കുരുക്കിലാക്കി ദര്‍ശനത്തിനായി കേരളത്തിലെത്തുമെന്ന് തൃപ്തി അറിയിച്ചിരിക്കുന്നത്. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും തനിക്ക് എന്തു സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ലാത്തതുകൊണ്ട് ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണെന്നും എന്നാല്‍ എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ടെന്നും അതുമായി നാളെ ഞാന്‍ ശബരിമലയിലേക്ക് വരുമെന്നും എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി പറഞ്ഞു.

ശബരിമലയിലേയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ തൃപ്തി ഈ വിധി നടപ്പാക്കരുതെന്നും പറഞ്ഞ് അവിടെ തമ്പടിച്ചിരിക്കുന ആളുകള്‍ സ്ത്രീകളെ ആക്രമിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സന്ദര്‍ശനത്തിനായി എത്തിയ തൃപ്തിയെയും കൂട്ടരെയും ഭക്തര്‍ വിമാനത്താവളത്തിന് പുറത്തു തടയുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് തിരികെ പോകേണ്ടി വന്നു.