ശിശുദിന റാലിയില്‍ നെഹ്റുവിന് പകരം മോദിയുടെ ഫ്‌ലക്‌സ് അടിച്ചു ബി ജെ പി ; സംഭവം കായംകുളത്തുള്ള സ്‌കൂളില്‍ (വീഡിയോ)
ബി ജെ പിയുടെ ശക്തി കേന്ദ്രമായ യു പിയിലോ ഗുജറാത്തിലോ അല്ല. ദൈവത്തിന്റെ സ്വന്തം നാടായ കമ്മ്യൂണിസ്‌റ് സര്‍ക്കാര്‍ ഭരിക്കുന്ന കൊച്ചു കേരളത്തിലാണ് ആരുടെ ഓര്‍മ്മയ്ക്ക് വേണ്ടിയാണോ ശിശുദിനം നടത്തുന്നത് അദ്ദേഹത്തിനെ തന്നെ ഒഴിവാക്കിയത്. കായംകുളത്താണ് സംഭവം.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി കൂടിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിന നാളിലാണ് രാജ്യത്തൊട്ടാകെ ശിശുദിനം ആഘോഷിക്കുന്നത്. പതിവ് പോലെ ഇക്കുറിയും രാജ്യത്തെ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശിശുദിനാഘോഷങ്ങള്‍ നടന്നു.
കായംകുളം നഗരസഭ 34ാം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ച ശിശുദിന റാലിയുടെ ബാനറില്‍ ചാച്ചാജിയെന്നറിയപ്പെടുന്ന നെഹ്റുവിന് പകരം മോദിയുടെ ചിത്രം വെച്ചത് വിവാദമായി. വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ഡി അശ്വിനിദേവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയുടെ ബാനറിലാണ് ഇങ്ങനെ നടന്നത്. അശ്വിനിദേവ് തന്നെയാണ് ബാനര്‍ കൊണ്ടുവന്നതും.
ചാച്ചാജിയുടെ ചിത്രം ബാനറില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് റാലിയ്ക്കെത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ പ്രശ്നം ഉന്നയിച്ചു. ബി.ജെ.പി കൗണ്‍സിലറോട് എന്ത് കൊണ്ടിങ്ങനെ എന്ന് രക്ഷിതാക്കള്‍ ചോദിച്ചു. എന്തിന് വേണ്ടി ഈ ശ്രമം നടത്തിയോ ആ ആളുടെ പടമില്ല ഇവിടെ. അത് ശരിയല്ല. ചാച്ചാജിയുടെ ചിത്രം എന്തിയേ? എന്നായിരുന്നു ഒരു രക്ഷിതാവിന്റെ ചോദ്യം.
മോദിയുടെ പടമില്ലാതെയാണെങ്കില്‍ റാലി വേണ്ടെന്നായിരുന്നു കൗണ്‍സിലറുടെ വാദം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാനറില്‍ നെഹ്റുവിന്റെ ചിത്രം ഒട്ടിച്ചു വെച്ചു. റാലി നടത്താന്‍ അനുവദിക്കില്ലെന്ന് കൗണ്‍സിലര്‍ പ്രഖ്യാപിച്ചെങ്കിലും രക്ഷിതാക്കള്‍ നെഹ്റുവിന്റെ ചിത്രം ബാനറില്‍ ഉള്‍പ്പെടുത്തി റാലി നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചതില്‍ രക്ഷിതാക്കളില്‍ ആരും എതിര്‍പ്പ് കാണിച്ചതുമില്ല. എന്നാല്‍ നെഹ്രുവിന്റെ ചിത്രം മനപ്പൂര്‍വം ഒഴിവാക്കിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.