ഇ കൊമേഴ്സ് ഭീമന്‍ ഫ്ളിപ്കാര്‍ട്ടിനെക്കുറിച്ച് പരാതി പ്രവാഹം

ഇ കൊമേഴ്സ് വമ്പന്‍മാരായ ഫ്ളിപ്കാര്‍ട്ടിനെക്കുറിച്ച് സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ പരാതി പ്രവാഹം എന്ന് റിപ്പോര്‍ട്ട്. ഹെല്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അഞ്ചില്‍ ഒരു പരാതി ഫ്ളിപ്കാര്‍ട്ടിനെക്കുറിച്ചാണ്.

ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ ഫ്ളിപ്കാര്‍ട്ട്, റിലയന്‍സ് ജിയോ, ആമസോണ്‍ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള കമ്പനികള്‍. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഫ്ളിപ്കാര്‍ട്ട് വക്താവ് അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം ലഭിച്ച പരാതികളില്‍ 100,000 എണ്ണം ഇ കൊമേഴ്സ് കമ്പനികള്‍ക്കെതിരെയുള്ളതായിരുന്നു. 41,600 പരാതികളാണ് ബാങ്കുകളെക്കുറിച്ച് വന്നിട്ടുള്ളത്. 29,400 പരാതികള്‍ ടെലികോം കമ്പനികളെക്കുറിച്ചും ലഭിച്ചിട്ടുണ്ട്. വ്യാജ സാധനങ്ങള്‍, വിതരണത്തിലെ താമസം തുടങ്ങിയവയാണ് ഇ കൊമേഴ്സ് കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍. ഓവര്‍ ബില്ലിംഗ്, കണക്ടിവിറ്റി പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ടെലികോം കമ്പനികള്‍ക്കെതിരെയുള്ള പരാതികള്‍.

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇ കൊമേഴ്സ് കമ്പനികള്‍ക്കു പുറമേ ബാങ്കിംഗ്, ടെലികോം മേഖലയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും ലഭിക്കുന്നത്.