പെരിയാറും അംബേദ്കറും ടെററിസ്റ്റുകളെന്ന് ബാബാരാംദേവ് ; രാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സോഷ്യല്‍ മീഡിയ
പെരിയാറിനെയും അംബേക്കറിനെയും ടെററിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത യോഗ ഗുരു ബാബാ രാംദേവിന് എതിരെ സോഷ്യല്‍ മീഡിയ. പെരിയാറിനെയും ഡോ. ബി. ആര്‍ അംബേദ്കറെയും അപമാനിച്ച നടപടിയില്‍ ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം ശക്തമാവുകയാണ്. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ശക്തമാവുന്നത്.
ഞായറാഴ്ചയാണ് ബാബാ രാംദേവിനെ അറസ്റ്റു ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയത്. ദേശീയ ചാനലായ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തില്‍ നവംബര്‍ 11 തിങ്കളാഴ്ചയാണ് രാജ്യത്തെ ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര്‍ അംബ്ദേകറും ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരാണെന്ന് രാംദേവ് പരാമര്‍ശിച്ചത്.
‘പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്‍മാരാണ്, വിശ്വസികള്‍ അവര്‍ക്ക് അധമന്‍മാരാണ്, ദൈവം തെറ്റാണ്, അത്രയും മോശമാണ്’. രാംദേവ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാക്സിനെയും മാവോയെയും ആവശ്യമില്ലെന്നും അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് പറഞ്ഞു. അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെ വളരെ മോശം എന്നാണ് രാം ദേവ് പരാമര്‍ശിച്ചത്.
ഇവരെ പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നതെന്നും അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്നും രാംദേവ് പറഞ്ഞു. രാംദേവിന്റെ തന്നെ കണ്ടു പിടുത്തമാണ് ഇന്റലക്ച്വല്‍ ടെററിസം എന്ന പദം.