സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് രാജ്യത്തെ പ്രതിസന്ധിയുടെ കാരണം ; മന്‍മോഹന്‍ സിങ്

രാജ്യത്തെ ജനങ്ങളുടെ പരസ്പര വിശ്വാസവും ആത്മ വിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് രാജ്യത്തെ നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്.

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ദി ഹിന്ദു ദിന പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്.

പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറയെന്നും വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹിക ഘടന ഇപ്പോള്‍ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.